കള്ളാടി മണ്ണിടിച്ചിൽ: കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; ആറ് ദിവസത്തെ തിരച്ചിൽ പൂർത്തിയായി
കനത്ത മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആറ് ദിവസമായി പ്രദേശത്ത് തുടർന്നുപോന്ന ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഹിമാചൽ പ്രദേശ് സ്വദേശിയായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഗ്നിശമന സേനയും എൻ.ഡി.ആർ.എഫ് (NDRF) സംഘവും ചേർന്നാണ് മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തത്.
ദുരന്തത്തിൽ കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിലാണ് ആറ് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ പൂർണ്ണമായത്. തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു ദുരന്തമേഖലയിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
മൃതദേഹം തുടർനടപടികൾക്കായി ഉടൻ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുന്ന മൃതദേഹം, തുടർന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. പ്രദേശത്തെ തിരച്ചിൽ നടപടികൾ ഇതോടെ പൂർത്തിയായി. ഇനി ബാക്കിയുള്ള മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനും അപകടകാരണം പഠിക്കാനുമുള്ള നടപടികളിലേക്ക് അധികൃതർ കടക്കും.