കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണസംഖ്യ അഞ്ചായി; കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തപ്രദേശത്തുനിന്ന് ഇന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ടണൽ നിർമ്മാണ മേഖലയിലെ എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് ദുരന്തഭൂമിയിലെ ഒന്നാം സോണിൽ നിന്ന് കണ്ടെത്തിയത്. തെരച്ചിലിൽ ആദ്യം മുഹമ്മദ് ഇമ്രാന്റെയും പിന്നീട് രാഹുൽ ശർമ്മയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു.
മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ പാൽ (37), ബിഹാർ സ്വദേശിയായ ഫോർമാൻ ബികാസ് കുമാർ സിങ് (40), ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് (25) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇനി മൂന്ന് പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണ, സർവേയർമാരായ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത്, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി എന്നിവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഒന്നും രണ്ടും സോണുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രധാനമായും തെരച്ചിൽ നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
അതേസമയം, എൻജിനീയർ രാഹുൽ ശർമ്മയുടെ മൃതദേഹം കണ്ടെത്തിയതോടെ ഭാര്യ കൽപ്പനയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ കണ്ണീരിലവസാനിച്ചു. ഹിമാചൽ പ്രദേശിലെ മൺഡി സ്വദേശിയായ രാഹുൽ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ചെമ്പ്ര റോഡിലെ വാടകവീട്ടിൽ കാത്തിരിക്കുകയായിരുന്നു കൽപ്പന. കഴിഞ്ഞ ഫെബ്രുവരി 21-നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴാണ് കൽപ്പന അപകടവിവരമറിയുന്നത്. രാഹുലിന്റെ അച്ഛൻ രൂപ്ദേവ് ശർമ്മ, അമ്മാവൻ രാംവീർ ശർമ്മ എന്നിവർ കഴിഞ്ഞ ദിവസം ഹിമാചലിൽ നിന്നും ദുബായിൽ ഷെഫായ സഹോദരൻ വയനാട്ടിലും എത്തിയിട്ടുണ്ട്.
ഇതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കള്ളാടിയിലെ ദുരന്തഭൂമി സന്ദർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ, മുൻ എം.എൽ.എ ശശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നത്. ഇവർക്കൊപ്പം റവന്യൂ മന്ത്രി എ.പി. അനിൽകുമാറും അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.