കള്ളാടി ദുരന്തം: രാത്രിയിലും തിരച്ചിൽ; കണ്ടെത്താനുള്ളത് 5 പേരെ, 3 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രി വൈകിയും എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുപേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മീനാക്ഷിപ്പാലത്തിന്റെ മുകൾഭാഗത്തെ മണ്ണ് നീക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മണ്ണിനടിയിലെ ചലനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്പോട്ട് ലൊക്കേഷൻ ക്യാമറകളും സ്നിഫർ ഡോഗുകളും തിരച്ചിലിനായി രംഗത്തുണ്ട്. എഴുപതോളം പേരടങ്ങുന്ന എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
അപകടത്തിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതുപേരിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു.
നിലവിൽ ചികിത്സയിലുള്ള ഏഴുപേരിൽ രണ്ടുപേർ ഐ.സി.യുവിലാണ്. പരിക്കേറ്റവരിൽ ഒരാൾ എറണാകുളം സ്വദേശിയായ സൈറ്റ് എൻജിനീയറാണ്. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അടിയന്തര കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ 42 കുടുംബങ്ങളിലെ 142 പേരെ മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആരോഗ്യവകുപ്പിന്റെ 24 മണിക്കൂർ സേവനവും ആംബുലൻസുകളും ദുരന്തമേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.