കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. ഹൃദയവാൽവിന് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കായാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ വീഴ്ച കാരണം തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും ഇത് മുൻകൂട്ടി അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സർജറിയിൽ വീഴ്ച സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് സമ്മതിച്ചതായി ബന്ധുക്കൾ വ്യക്തമാക്കിയെങ്കിലും അധികൃതരിൽ നിന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യമായ നിയമനടപടികൾ ഉറപ്പാക്കിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.