കണ്ണൂർ പിലാത്തറ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികൾ മൈസൂരുവിൽ പിടിയിൽ

 

കണ്ണൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരാണ് മൈസൂരുവിൽ നിന്ന് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. കേസിൽ പ്രാദേശിക ബി.ജെ.പി. നേതാവായ സനു സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് വൻ തുകയും സ്വർണവും തട്ടിയെടുത്തത്. പരാതിക്കാരനായ കുമാർ ജലന്ധർ നിഗമിന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും 55 ലക്ഷം രൂപയുമാണ് സംഘം കവർന്നത്. ബി.എൻ.എസ്. 310 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറും അന്വേഷണത്തിൽ നിർണായകമായി.