അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിന് ഉത്തരവ്

 

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് തീരുമാനം.ഉത്തരവ് ഉടൻ നടപ്പാക്കാനും അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.