പിതൃമോക്ഷ പുണ്യം തേടി ഇന്ന് കർക്കടക വാവുബലി; തിരുനെല്ലിയിലും ആലുവയിലും വൻ തിരക്ക്
പിതൃസ്മരണയിൽ പ്രാർഥനകളോടെ ഇന്ന് കർക്കടക വാവുബലി. സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തർപ്പണത്തിനായി എത്തിയത്. ആലുവ മണപ്പുറം, തിരുവനന്തപുരം ശംഖുമുഖം, തിരുനാവായ, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് മൂന്ന് മണിവരെ തർപ്പണ ചടങ്ങുകൾ തുടരും.
ആലുവ പെരിയാർ തീരത്ത് 40 താൽക്കാലിക ബലിത്തറകളിലാണ് പുലർച്ചെ തർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മണിയോടെ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പിതൃപൂജ, കൂട്ടനമസ്കാരം, പശുദാനം, സായൂജ്യ പൂജ, തിലഹവനം എന്നിവ നടന്നു.
മഴ മാറിനിന്നത് ഭക്തർക്ക് ആശ്വാസമായി. വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും സുരക്ഷ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.