കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടക്കത്തിൽ 108 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി കെ ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ. മറ്റ് 26 പേർ മൂന്ന് കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ച് പോയവരുമുണ്ട്. അതിനാലാണ് പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.