കരുവന്നൂർ കേസ്;  എ.സി മൊയ്തീനെ ഇ.ഡി. വീണ്ടും വിളിപ്പിക്കും

 

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങൾക്ക് മുന്നിലിരുന്നത് 10 മണിക്കൂർ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായ മൊയ്തീനെ ചോദ്യംചെയ്യലുകൾക്കുശേഷം രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. കരുവന്നൂർ കേസിൽ മൊയ്തീനെതിരേയുള്ള മൊഴികളും സ്വത്തുസമ്പാദ്യവും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങൾ. മൊയ്തീൻ ഹാജരാക്കിയ സ്വത്തുരേഖകൾ പരിശോധിച്ചശേഷം അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഈമാസം 19-ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയേക്കും.

മൊയ്തീനൊപ്പം തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, കേസിൽ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ വലംകൈയായിരുന്ന കെ.എ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ, തൃശ്ശൂരിലെ വ്യാപാരിയായ രാജേഷ് എന്നിവരെയും ചോദ്യംചെയ്തു. ഓഗസ്റ്റ് 22-ന് മൊയ്തീന്റെ വീട്ടിൽനടന്ന റെയ്ഡിൽ എ.സി. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങളും സ്ഥിരനിക്ഷേപങ്ങളും സംബന്ധിച്ച രേഖകൾ ഇ.ഡി. കണ്ടെത്തിയിരുന്നു.