കരുവാറ്റ കൊലപാതകക്കേസ്: മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം
Sep 28, 2026, 18:34 IST
കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യാനും ജുവൈനൽ ജസ്റ്റിസ് ബോർഡ് അന്വേഷണസംഘത്തിന് അനുമതി നൽകി.
ഓഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടകവീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.
അന്വേഷണത്തിൽ, കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തുക്കൾക്ക് ആഡംബര ബൈക്കും വാങ്ങുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിലെ തുടർനടപടികൾ പുരോഗമിക്കുകയാണ്.