കരുവാറ്റ കൊലപാതകം: പൊലീസിനെ വഴിതെറ്റിക്കാൻ ‘പ്ലാൻ ബി’; വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ കൗമാരക്കാരുടെ പദ്ധതി പൊളിഞ്ഞു

 

കരുവാറ്റയിൽ 67കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കൗമാരക്കാരുടെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. കൊലപാതകത്തിന് ശേഷം പിടിക്കപ്പെട്ടാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഇവർ മുൻകൂട്ടി 'പ്ലാൻ ബി' തയ്യാറാക്കിയിരുന്നതായി കണ്ടെത്തി. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മരുന്ന് വാങ്ങാനാണ് ഹരിപ്പാട് എത്തിയതെന്നും പറയാനായിരുന്നു ഇവരുടെ തീരുമാനം.

എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വാട്സാപ്പ് ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തതോടെ ഇവരുടെ പദ്ധതി തകർന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവിന്റെ മേൽ കെട്ടിവയ്ക്കാനും കൗമാരക്കാരി ശ്രമിച്ചിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പിടിക്കപ്പെട്ടാലും വലിയ ശിക്ഷ ലഭിക്കില്ലെന്ന് ഒപ്പമുള്ളവരെ പെൺകുട്ടി വിശ്വസിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കൊലപാതകം നേരിട്ട് നടത്തിയ മൂന്ന് കൗമാരക്കാരെയും ഈ മാസം 22ന് കസ്റ്റഡിയിൽ വാങ്ങും. ഇതിനുശേഷം തെളിവെടുപ്പ് പൂർത്തിയാക്കും. കൊല്ലപ്പെട്ട വ്യക്തിക്കെതിരെ പെൺകുട്ടി ഉന്നയിച്ച ബാഡ് ടച്ച് ആരോപണത്തിലും അന്വേഷണം തുടരുകയാണെന്നും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.