കാസർകോട് ദേശീയപാതയിൽ വീണ്ടും വിള്ളൽ; ലോറി നിർത്തി മറയ്ക്കാൻ ശ്രമിച്ചതായി ആരോപണം

 

കാസർകോട് ചെറുവത്തൂർ മട്ടലായി ഭാഗത്തെ ദേശീയപാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. റോഡിന്റെ മധ്യഭാഗത്തായി ഏകദേശം 20 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായതായാണ് റിപ്പോർട്ട്.
വിള്ളൽ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അതിന്റെ മുകളിലായി ലോറി നിർത്തിയിട്ടുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് ആശങ്ക വർധിച്ചിട്ടുണ്ട്.എന്നാൽ, വിള്ളൽ വളരെ ചെറിയതാണെന്നും  അപകടാവസ്ഥയില്ലെന്നും ദേശീയപാത അധികൃതർ അറിയിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് സമാനമായി റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. കൂടാതെ റോഡിനെ വേർതിരിക്കുന്ന ഭിത്തിയിലും പിളർച്ച കണ്ടെത്തിയിരുന്നു.സംഭവത്തെ തുടർന്ന് ജില്ലാ കലക്ടർ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലപരിശോധന നടത്തിയത്.