നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ തന്റെ പേരിൽ കെട്ടിവെക്കരുതെന്ന് കെ.സി. വേണുഗോപാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കും

 

കോൺഗ്രസിലെ വിവിധ നേതാക്കൾ നടത്തുന്ന വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ തന്റെ പേരുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് ചർച്ച ചെയ്യേണ്ടതെന്നും, പത്രസമ്മേളനങ്ങൾ നടത്തിയോ പരസ്യമായോ സംസാരിക്കുന്നതിനോട് തനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രം ചര്‍ച്ച ചെയ്യുകയെന്നതാണ് തന്റെ തീരുമാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അതിന് അവസരമില്ലെങ്കില്‍ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താം. അതാണെന്റെ ശൈലിയെന്നും താന്‍ ഇതുവരെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നിന്നിട്ടില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കെ സി വേണുഗോപാലുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ചിലര്‍ക്ക് ഇഷ്ടമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കുന്ന സര്‍ക്കാരാണിത്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

2029-ൽ രാജ്യത്ത് പുതിയൊരു ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റുക എന്നതിനാണ് താൻ മുൻഗണന നൽകുന്നത്. നിലവിലെ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് മാറേണ്ടതുണ്ടോ എന്നത് എ.ഐ.സി.സി. പ്രസിഡന്റാണ് തീരുമാനിക്കേണ്ടതെന്നും, അങ്ങനെയൊരു തീരുമാനമുണ്ടായാൽ അദ്ദേഹം സ്ഥാനമൊഴിയുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.