പ്രളയവും പ്രകൃതിദുരന്തങ്ങളും ശാസ്ത്രീയമായി നേരിടാൻ 'കേരള ഫ്‌ളഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്';ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലമുണ്ടാകുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി നേരിടാൻ 'കേരള ഫ്‌ളഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്' നടപ്പാക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഭാഗമായി ഐ.ഐ.ടി.കളിലെ വിദഗ്ധർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
അതീവ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരളത്തിന് മികച്ച പ്രളയ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനുള്ള സമഗ്ര രൂപരേഖ ഐ.ഐ.ടി. വിദഗ്ധർ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീരങ്ങളിലെ പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുന്നൊരുക്കങ്ങൾ വേണമെന്ന് വിദഗ്ധ സംഘം നിർദേശിച്ചു.
കൃത്രിമബുദ്ധി, യന്ത്രപഠനം, വിദൂര സംവേദനം, ജലചലന മാതൃകാ നിർമാണം, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇതിലൂടെ പ്രളയസാധ്യതയുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും സാധിക്കും.
പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവയിലെ മണ്ണ് നീക്കം ചെയ്യുന്നത് പ്രകൃതിയെയും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷം മാത്രമേ ഇത്തരം നടപടികൾ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി. സംഘം നിർദേശിച്ചു.