കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു, ജനങ്ങൾക്ക് നന്ദി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അതിന്റെ ക്രെഡിറ്റ് ജനങ്ങൾക്കാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണർ പദവിയിലെ അവസാന ഔദ്യോഗിക പരിപാടിക്കുശേഷം ലോക്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രിയാത്മകമായ കാലഘട്ടമാണ് പിന്നിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെയും ജനങ്ങളുടെയും സഹകരണം കൊണ്ടാണ് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത്. രണ്ട് സർക്കാരുകളുടെ കാലത്തും നല്ല ബന്ധം പുലർത്താൻ സാധിച്ചു. ഇരു സർക്കാരുകളോടും മാധ്യമങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്നും മേഖലയിലുണ്ടായിരുന്നത് ആശയപരമായ ഭിന്നതകൾ മാത്രമാണെന്നും ആർലേക്കർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങളായി കാണേണ്ടതില്ലെന്നും ചില മന്ത്രിമാർ തന്റെ നിലപാടുകളോട് യോജിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പ്രശ്നങ്ങളില്ലാതെ ഭരണകാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.