വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി

 

കേസ് വിവരങ്ങൾ കക്ഷികളെ വാട്ട്‌സാപ്പിലൂടെ അറിയിക്കാനൊരുങ്ങി കേരള ഹൈക്കോടതി .കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസിലെ ഉത്തരവുകൾ തുടങ്ങി കേസുമായും ഹർജിയുമായും ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കക്ഷികൾക്കും അഭിഭാഷകർക്കും ഇനിമുതൽ വാട്‌സാപ്പിൽ ലഭ്യമാകും.ഇതിനായി വാട്സ്ആപ്പ് ഉള്ള മൊബൈൽ ഫോൺ നമ്പർ കക്ഷികൾ ഹൈക്കോടതിയിൽ നൽകണം. നിലവിലെ വെബ്‌സൈറ്റിൽ ഇത്തരം അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും സമയാസമയം കൃത്യതയോടെ വേഗത്തിൽ അറിയിക്കാനാണ് പുതിയ സംവിധാനം.

ഒക്ടോബർ ആറ് മുതലാണ് ഈ സംവിധാനം നിലവിൽ വരിക. എന്നാൽ നിലവിലുള്ള നോട്ടീസ്, സമൻസ്, കത്ത് തുടങ്ങിയ ഔദ്യാഗിക രീതികൾ ഇതോടൊപ്പം തുടരുകയും ചെയ്യും. വിവരങ്ങളുടെ ആധികാരികത ക്യത്യമായി ഉറപ്പാക്കണമെന്നും വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് ജാഗ്രത വേണമെന്നും ഹൈക്കോടതി ഓർമ്മിപ്പിക്കുന്നുണ്ട്.