കേരളം തണുത്തുവിറയ്ക്കുന്നു; ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം, മൂന്നാറിൽ താപനില പൂജ്യത്തിന് താഴെ

 

കേരളത്തിൽ തണുപ്പ് റെക്കോർഡുകൾ ഭേദിക്കുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയെത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്നാറിലെ സെവൻമലൈയിൽ താപനില മൈനസ് ഒരു ഡിഗ്രിയിലേക്ക് (-1°C) താഴ്ന്നു. ഈ സീസണിൽ ആദ്യമായാണ് മൂന്നാറിൽ മഞ്ഞുവീഴ്ച കടുക്കുന്നതും താപനില പൂജ്യത്തിന് താഴെയെത്തുന്നതും. വയനാട് ജില്ലയിലും തണുപ്പ് 10 ഡിഗ്രിയിൽ താഴെയെത്തി. പാലക്കാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ താപനില 15 ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയപ്പോൾ മറ്റു ജില്ലകളിൽ 15 മുതൽ 18 ഡിഗ്രി വരെയായിരുന്നു തണുപ്പ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം പുനലൂരിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കുറഞ്ഞ് 16 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കോട്ടയത്ത് 17.8 ഡിഗ്രി സെൽഷ്യസാണ് ഇന്നത്തെ താപനില.

വിവിധ ജില്ലകളിലെ ശരാശരി കുറഞ്ഞ താപനില (ഡിഗ്രി സെൽഷ്യസിൽ):

  • ഇടുക്കി: 7.3
  • വയനാട്: 10.5
  • കാസർകോട്: 16.5
  • കണ്ണൂർ: 16.7
  • പാലക്കാട്: 16.9
  • പത്തനംതിട്ട: 17
  • മലപ്പുറം: 17.2
  • കോഴിക്കോട്: 18.1
  • തൃശൂർ: 18.1
  • കോട്ടയം: 18.7
  • ആലപ്പുഴ: 18.9
  • തിരുവനന്തപുരം: 18.9
  • എറണാകുളം: 19.2
  • കൊല്ലം: 19.3