കേരളം: പേരുമാറ്റ ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. 'കേരള' എന്ന നിലവിലെ പേര് 'കേരളം' എന്നാക്കി മാറ്റാനാണ് നീക്കം. നാളത്തെ ലോക്‌സഭാ അജണ്ടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ചേരുന്ന ലോക്‌സഭാ കാര്യോപദേശക സമിതി 'ദി കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026' ചർച്ച ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യാൻ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിലാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള മുഴുവൻ ഭാഷകളിലും പേര് 'കേരളം' എന്നാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 2023 ഓഗസ്റ്റിലും സമാനമായ പ്രമേയം നിയമസഭ പാസാക്കിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കുകയായിരുന്നു. തുടർന്നാണ് ഭേദഗതികളോടെ പുതിയ പ്രമേയം പാസാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.