'ഗുണ്ടകളേക്കാൾ സ്മാർട്ടാണ് കേരള പോലീസ്'; നിയമം കൈയിലെടുത്തുള്ള ധിക്കാരം അനുവദിക്കില്ലെന്ന് എ.ഡി.ജി.പി പി. വിജയൻ
നിയമം കൈയിലെടുത്തുകൊണ്ടുള്ള ധിക്കാരപരമായ നടപടികൾ കേരളത്തിൽ അനുവദിക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ. വി.പി.എൻ (VPN) അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒളിക്കാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ സ്മാർട്ടായ പോലീസാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഭയന്നാണ് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPA) ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ക്രിമിനലുകളുടെയും ഗുണ്ടകളുടെയും പട്ടിക തയ്യാറാക്കി പോലീസ് ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. ഇന്നലെ രാത്രിയോടെ 55-ഓളം പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ഷോ കാണിക്കുന്ന 'റീൽ ഗുണ്ടകളെ' നിലയ്ക്ക് നിർത്തും. വാൾ കൊണ്ട് കേക്ക് മുറിച്ചും ആഘോഷങ്ങൾ നടത്തിയും അപായകരമായ സന്ദേശങ്ങൾ നൽകുന്നവരുടെ സകല ഷോയും ഇതോടെ അവസാനിക്കും. ഇത്തരം ക്രിമിനലുകളെ സഹായിക്കുന്ന സ്പോൺസർമാരെയും കേസിൽ പ്രതിയാക്കും. ഒരു തരത്തിലുള്ള വെല്ലുവിളികളും അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും പി. വിജയൻ ഐ.പി.എസ് വ്യക്തമാക്കി.