കേരള സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

 

കേരള സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മേള ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെഎൻ ബാല ഗോപാലാണ്. കേരളത്തിന്റെ കായിക കുതിപ്പിന്റെ പുതിയൊരു ചുവടെന്ന് മുഖ്യ സംഘാടകൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 3000ത്തിലധികം കുട്ടികൾ അണിനിരന്ന സംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

നാളെ മുതൽ 28-ാം തിയതി വരെയാണ് കായിക മത്സരങ്ങൾ നടക്കുക. ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക.ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്