കേരള സർവകലാശാല 4 വർഷ ബിരുദകോഴ്സ് ഫീസ് വർധന; അപാകത പരിശോധിക്കാൻ രണ്ടം​ഗ കമ്മിറ്റി

 

 

നാലുവർഷ ബിരുദ കോഴ്സിന്‍റെ ഫീസ് ഘടന കേരള സർവകലാശാല കുത്തനെ ഫീസ് വർധിപ്പിച്ചതിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ വൈസ് ചാൻസലർ ഡോ: മോഹൻ  കുന്നുമ്മേൽ, പരീക്ഷാ കൺട്രോളറേയും  ഫൈനാൻസ് ഓഫീസറേയും ചുമതലപ്പെടുത്തി. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. പരീക്ഷകളുടെ നടത്തിപ്പ് ചെലവിന് ആനുപാതികമായാണോ ഫീസ് നിശ്ചയിച്ചതെന്നും സംസ്ഥാനത്തെ മറ്റ് സർവ്വകലാശാല കളിലെ ഫീസ് നിരക്കുകൾ എത്ര എന്നും കമ്മിറ്റി പരിശോധിക്കും.

നാല് വര്‍ഷ ബിരുദ കോഴ്സ് മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള സര്‍വ്വകലാശാല നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ഫീസ് വർധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ വാദം നിലനിൽക്കെയാണ് ഫീസ് നിരക്കുകൾ നാലിരട്ടിയോളം കൂട്ടിയത്. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതെയാണ് സർവകലാശാല നടപടി എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 

ബിരുദം നാല് വര്‍ഷം ആക്കുമ്പോൾ പരീക്ഷാ നടത്തിപ്പും ചെലവും കുറയുമെന്നും കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാൽ ഇരുട്ടടിയെന്നാണ് വിദ്യാര്‍ത്ഥികളിപ്പോൾ പറയുന്നത്. മൂന്നും നാലും ഇരട്ടിയായാണ് സര്‍വ്വകലാശാലകൾ ഫീസ് നിരക്ക് ഉയര്‍ത്തുന്നത്.