ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം; 'ഫേസ്ട്യൂൺ' ക്രീമിനെതിരെ പൊലീസ് കേസെടുത്തു
അമിത മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ 'ഫേസ്ട്യൂൺ' എന്ന ക്രീമിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പെൺകുട്ടിയിൽ നിന്ന് മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസിന്റെ നടപടി. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും, ഈ ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും ഇതറിഞ്ഞ് രക്ഷപ്പെടട്ടെയെന്നുമാണ് പെൺകുട്ടി വ്യക്തമാക്കുന്നത്. ഇതിനിടെ, താനും മെർക്കുറി അടങ്ങിയ ഫെയ്സ് ക്രീമിന്റെ ഇരയായി മെമ്പ്രാനസ് നെഫ്രോപ്പതി എന്ന വൃക്കരോഗത്തിന് അടിമപ്പെട്ടതായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും വെളിപ്പെടുത്തി. സുഹൃത്ത് പരിചയപ്പെടുത്തിയ ക്രീം ഉപയോഗിച്ചതുമൂലമാണ് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളും വ്യാജ പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മംഗലാപുരം, കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കുന്നതായാണ് വിവരം.
വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കും സ്കിൻ കാൻസറിനും പോലും ഇത്തരം വിഷാംശമുള്ള ഉൽപ്പന്നങ്ങൾ കാരണമാകുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം പല ഉൽപ്പന്നങ്ങളിലും നിർമ്മാതാക്കളുടെ പേരോ, നിർമ്മാണ തീയതിയോ, കാലാവധിയോ രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.