കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി

 

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ അപകടമരണക്കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് നടപടി.

കേസ് ഇന്ന് പരിഗണിക്കവെയാണ് ഹൈക്കോടതി വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ചത്. കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ മരണപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മ‍്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന് മുന്നിൽ‌ വച്ച് കാറിടിച്ചാണ് ബഷീർ മരിച്ചത്. ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ശ്രീറാം വെങ്കിട്ടരാമനെതീരെ ചുമത്തിയിട്ടുള്ളത്.