കെ.എം. ബഷീർ കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

 

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണക്കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം. ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ് .. കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്.തിരുവനന്തപുരം കോടതിയിലാണ് നിലവിൽ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് അപകടമുണ്ടായത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് ബഷീർ മരിച്ചത്.നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.