കെ.എം. ഷാജിയുടെ വാദം തെറ്റ്; അനുവദിച്ച കാർ തന്നെ മന്ത്രിമാർ ഉപയോഗിക്കണമെന്ന സർക്കാർ ഉത്തരവ് പുറത്ത്
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ കെ.എം. ഷാജിയുടെ വാദങ്ങൾ തള്ളി സർക്കാർ ഉത്തരവും നിയമസഭാ രേഖകളും പുറത്ത്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്നും സർക്കാരിൽ നിന്ന് പ്രത്യേകമായി അനുവദിച്ചതോ ഉത്തരവിലൂടെ നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിൽ മാത്രമേ ഔദ്യോഗിക ബോർഡ് വെക്കാവൂ എന്നും മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 92 എ പ്രകാരം 2015-ലാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2019 നവംബറിൽ നിയമസഭയിൽ അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയിലും ഈ ഉത്തരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗവർണർ, എം.പി, എം.എൽ.എമാർ എന്നിവർക്കുള്ള ചില ഇളവുകൾ മന്ത്രിമാർക്കോ കളക്ടർമാർക്കോ ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി സഞ്ചരിക്കുന്ന ഏത് വാഹനവും മന്ത്രിയുടെ വാഹനമാണെന്നും സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ലെന്നുമായിരുന്നു വിഷയത്തിൽ കെ.എം. ഷാജിയുടെ വാദം. എന്നാൽ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളുന്ന വിവരങ്ങളാണ് നിലവിൽ പുറത്തുവന്ന ഔദ്യോഗിക രേഖകളിലുള്ളത്.