കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു
കൊച്ചി മെട്രോയുടെ ആലുവ, എം.ജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ നാല് പ്രധാന സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെട്രോ യാത്രക്കാരല്ലാത്തവർ വാഹനം പാർക്ക് ചെയ്താൽ നിലവിലുള്ളതിന്റെ മൂന്നിരട്ടി തുക നൽകേണ്ടി വരും. മെട്രോ യാത്രക്കാരായ കാർ ഉടമകൾക്ക് ആദ്യ രണ്ട് മണിക്കൂറിലേക്ക് 20 രൂപയും (പഴയത് 15 രൂപ) തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ് നിരക്ക്. അതേസമയം, മെട്രോ യാത്രക്കാരല്ലാത്തവർ കാർ പാർക്ക് ചെയ്യാൻ രണ്ട് മണിക്കൂറിന് 60 രൂപ നൽകണം.
ഇരുചക്രവാഹനങ്ങളിലെത്തുന്ന മെട്രോ യാത്രക്കാർക്ക് രണ്ട് മണിക്കൂറിലേക്ക് 10 രൂപയും (പഴയത് 5 രൂപ) തുടർന്ന് ഓരോ രണ്ട് മണിക്കൂറിനും 5 രൂപയുമാണ് പുതിയ നിരക്ക്. എന്നാൽ മെട്രോ യാത്രക്കാരല്ലാത്തവർ ഇരുചക്രവാഹനം പാർക്ക് ചെയ്താൽ ആദ്യ രണ്ട് മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയും ഈടാക്കും.
ഇതിനു പുറമെ ഇരുചക്രവാഹനങ്ങളുടെ പ്രതിവാര പാർക്കിങ് പാസിന് 150 രൂപയും പ്രതിമാസ പാസിന് 500 രൂപയുമായി (യാത്രക്കാരല്ലാത്തവർക്ക് 1500 രൂപ) ഉയർത്തി. കാറുകൾക്ക് ആഴ്ച പാസ് 400 രൂപയായും മാസ പാസ് 1500 രൂപയായും (യാത്രക്കാരല്ലാത്തവർക്ക് 4500 രൂപ) പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.