കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാർശ: എതിർപ്പുമായി ഹൈബി ഈഡൻ എം.പി; മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ' എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡൻ എം.പി. പേരുമാറ്റം വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. വ്യാപകമായ അഭിപ്രായ ഐക്യമില്ലാതെ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കൊച്ചിയിലെ സർവീസുകൾക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് പേരുമാറ്റത്തിന് കെ.എം.ആർ.എൽ (KMRL) സർക്കാരിനോട് തത്ത്വത്തിലുള്ള അംഗീകാരം തേടിയത്. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റയാണ് ശുപാർശ സമർപ്പിച്ചത്. നാഗ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ് മെട്രോകൾ സംസ്ഥാന തലത്തിലേക്ക് പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് ഈ നിർദ്ദേശം.
സംസ്ഥാന സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചാൽ ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം.