കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ' എന്നാക്കാൻ തീരുമാനം:ശുപാർശ സമർപ്പിച്ച് കെഎംആർഎൽ
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ. കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റയാണ് പേരുമാറ്റത്തിന് തത്വത്തിലുള്ള അംഗീകാരം തേടി സർക്കാരിന് ശുപാർശ സമർപ്പിച്ചത്.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികൾ സംസ്ഥാനത്തിന്റെ പേരിനൊപ്പം പുനർനാമകരണം ചെയ്ത മാതൃകയും കെഎംആർഎൽ ചൂണ്ടിക്കാട്ടുന്നു.
കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ കേരളം മെട്രോ റെയിൽ എന്ന പുതിയ പേര് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ലോക്നാഥ് ബഹ്റ പറഞ്ഞു.