കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച് പൊലീസ്

 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ഗൂഗിളിന് പൊലീസ് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം കെഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

രണ്ടാഴ്ച മുൻപാണ് കൊച്ചി മെട്രോയുടെ എക്സ്റ്റൻഷൻ ബ്ലൂപ്രിന്റ് ഉൾപ്പെടെയുള്ള ചില രേഖകൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഹാക്ക് ചെയ്ത് രേഖകൾ പുറത്തുവിട്ടെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തൽ.

ഇതിനു പിന്നിൽ കെഎംആർഎല്ലിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. രേഖകൾ പ്രചരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

കെഎംആർഎൽ ഡയറക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളൊന്നും പുറത്തുപോയിട്ടില്ലെന്നാണ് കെഎംആർഎല്ലിന്റെ വിശദീകരണം.