കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ് എടുത്തു
കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അപകട കാരണം ഡ്രൈവറുടെ അമിത വേഗതയെന്ന് എഫ്‌ഐആർ.ഡ്രൈവറെ പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോധപൂർവം അലക്ഷ്യമായി വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി.
സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി.അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്.
കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കിൽ രാവിലെ 7 മണിക്കായിരുന്നു അപകടം.മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ, ഓയൂർ കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം മന്ത്രിസഭ കൂടി തീരുമാനിക്കുമെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.