കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല; ലോറിയുടെ ഫിറ്റ്നസ് ആർ.ടി.ഒ റദ്ദാക്കി

 

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഇതിനുപുറമെ അപകടസമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ജി.പി.എസ് (GPS) സംവിധാനം ബോധപൂർവ്വം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ വിവിധ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണെന്നും വ്യക്തമായി. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആർ.ടി.ഒ (RTO) അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ, നിലവിൽ വാഹനത്തിന്റെ ഫിറ്റ്നസിൽ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായി കാണുന്നുണ്ടെന്നും, ശരിയായ രീതിയിലാണോ മുൻപ് ഫിറ്റ്നസ് അനുവദിച്ചത് എന്ന് വിശദമായി അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.

മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലുമായി ചികിത്സയിലാണ്. മെഡിസിറ്റിയിൽ ചികിത്സയിലുള്ളവരിൽ ഒരു വിദ്യാർത്ഥി വെന്റിലേറ്ററിലാണ്. പരിക്കേറ്റവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.