കൊട്ടാരക്കര ടിപ്പർ അപകടം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭയുടേതാണ് തീരുമാനം.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്.
അമ്പലപ്പുറം ഭാഗത്ത് നിന്നും മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ കല്ലുകളും ആളുകളുടെ ദേഹത്ത് വീണു. മണ്ണിനടിയിൽപ്പെട്ടവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസ് സ്റ്റോപ്പിൽ ആ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. പലരും ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.