കോവളം സ്പാ പീഡനക്കേസ്: സംസ്ഥാനത്തുടനീളം സ്പാകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കും, ഡിജിപി
കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉള്ളൂർ സോണൽ ഓഫീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ ബിസിനസുകളിലേക്ക് കടന്നതെന്നാണ് വിവരം. പീഡനം നടന്ന കോവളത്തെ സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും മറ്റ് രണ്ട് സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചത് അനുരൂപുമായി സംസാരിച്ചതിന് ശേഷമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിനെത്തുടർന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുരൂപിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ സർവീസിൽനിന്ന് സ്ഥിരമായി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്.