കോഴിക്കോട് ക്രിസ്ത്യൻ പള്ളിയിൽ തീ വെച്ച സംഭവം; ഒഡീഷ സ്വദേശി പിടിയിൽ

 

കോഴിക്കോട് പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിൽ തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെയാണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് ഇയാൾ തീ വെച്ചത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.നാല് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലാണ് പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞത്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മദ്യലഹരിയിലായിരുന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി അധികൃതർ അറിയിച്ചു.