കോഴിക്കോട് റിസർവ് റൂം തുറന്നതിൽ ചട്ടലംഘനമില്ലെന്ന് കലക്ടർ; അട്ടിമറി ആരോപണവുമായി യുഡിഎഫ്
പേരാമ്പ്ര മണ്ഡലത്തിലെ ജെഡിടി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ റിസർവ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച അതീവ സുരക്ഷയുള്ള സ്‌ട്രോങ്ങ് റൂമുകളല്ല തുറന്നതെന്നും, വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന മെറ്റീരിയൽ റൂമാണ് തുറന്നതെന്നും കലക്ടർ അറിയിച്ചു. 'എൻകോർ' സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും എൽഡിഎഫ് പ്രതിനിധി എ.കെ മുഹ്‌സിൻ, യുഡിഎഫ് പ്രതിനിധി ശഹ്‌സാദ് കെ. എന്നിവർ സ്ഥലത്തുണ്ടായിരുന്നുവെന്നും ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
എന്നാൽ സംഭവത്തിൽ വലിയ അട്ടിമറി സാധ്യതയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. തുറന്ന മുറിയുടെ മുകളിൽ 'സ്‌ട്രോങ്ങ് റൂം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥിയായ തനിക്ക് പ്രവേശനം നിഷേധിച്ചത് ദുരൂഹമാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ ആരോപിച്ചു. കൃത്യമായ മുൻകൂർ നോട്ടീസോ ഇ-മെയിലോ നൽകാതെ ഫോണിലൂടെ മാത്രം വിവരം അറിയിച്ച് മുറി തുറന്നത് നിയമവിരുദ്ധമാണെന്നാണ് യുഡിഎഫ് പക്ഷം. ബിഎസ്എഫ് സുരക്ഷയിലുള്ള ഇന്നർ പെരിമീറ്ററിൽ അറിയിപ്പില്ലാതെ ആളുകൾ കയറിയിറങ്ങുന്നത് വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഏജന്റ് മറന്നുവെച്ച ഡയറി എടുക്കാനാണ് മുറി തുറന്നതെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണത്തെയും യുഡിഎഫ് തള്ളിക്കളഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം ഡയറിയുടെ കാര്യം ഓർക്കുന്നത് വിശ്വസനീയമല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇവരുടെ നിലപാട്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയ യുഡിഎഫ് നേതാക്കൾ ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പരാതി നൽകുകയും ഇന്നർ പെരിമീറ്ററിലെ സുരക്ഷ പൂർണ്ണമായും കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി കലക്ടർ രംഗത്തെത്തിയത്.