കോഴിക്കോട് ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു

 

കോഴിക്കോട് ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ സ്‌നേഹിൽ കുമാർ സിങ് പുതിയ കളക്ടറെ സ്വീകരിച്ചു.സമൂഹത്തിലെ ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനാകും പ്രഥമ പരിഗണന നൽകുകയെന്ന് ചുമതലയേറ്റ ശേഷം എം.എസ്. മാധവിക്കുട്ടി പറഞ്ഞു.

വനിതകൾ, കുട്ടികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും അവർ വ്യക്തമാക്കി. കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ, ദേശീയപാത വികസനം, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതികൾ എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് കളക്ടർ അറിയിച്ചു.

കൊല്ലം സ്വദേശിനിയായ എം.എസ്. മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കളക്ടറായിരിക്കെയാണ് കോഴിക്കോട് കളക്ടറായി നിയമിതയായത്.ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരള ഡയറക്ടർ, സൈബർ പാർക്ക് സി.ഇ.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരുവനന്തപുരം സബ് കളക്ടർ, കോഴിക്കോട് ജില്ലാ വികസന കമ്മീഷണർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരവും എം.എസ്. മാധവിക്കുട്ടി നേടിയിട്ടുണ്ട്.