കോഴിക്കോട് മയക്കുമരുന്ന് സാമ്പത്തിക ഇടപാട്: രണ്ടാമത്തെ അധ്യാപകയും സർവീസിൽ നിന്ന് പുറത്താക്കി
കോഴിക്കോട് മയക്കുമരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്ററായിരുന്ന കാവ്യയ്‌ക്കെതിരെയാണ് നടപടി.കാവ്യയുടെ സഹപ്രവർത്തകയായ അധ്യാപിക കീർത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു ഇരുവരെയും വടകര പൊലീസാണ് അറസ്റ്റ് ചെയ്തത്.
കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയിലേക്കെത്തിയത്. ലഹരി ആവശ്യക്കാരിൽ നിന്ന് പണം സ്വീകരിക്കുന്നതിനായി ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ലഹരി ആവശ്യക്കാർ പണം അധ്യാപകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയും, പണം ലഭിച്ചതിന് ശേഷം മറ്റൊരാൾ വഴിയാണ് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കാവ്യയുടെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഇരുവരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.