കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു ;നിർമാണത്തിൽ 177 പിഴവുകൾ
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിൽ ഗുരുതര വീഴ്ചകൾ നടന്നതായി പിഡബ്ല്യുഡി ഇലക്ടിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട്.
കെട്ടിട നിർമാണത്തിൽ 177 നിർമാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
തീയും പുകയും പടരുന്നത് നിയന്ത്രിക്കാനായി സ്ഥാപിച്ച ഫയർ ഡാംപർ കൃത്യമായി പ്രവർത്തിക്കുന്നില്ല. യുപിഎസും ബാറ്ററികളും സ്വിച്ചുകളും പാനലുകളും സ്ഥാപിച്ചതിൽ പിഴവുണ്ടെന്നും യുപിഎസും ബാറ്ററിയും സ്ഥാപിച്ചത് ഇടുങ്ങിയ മുറികളിലാണ് അവിടെ ആവശ്യത്തിന് വായു സഞ്ചാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. താപനില സുരക്ഷിതമായി ക്രമീകരിക്കാനുളള കൂളിംഗ് സംവിധാനമില്ല. ഫാൻ കോയിൽ യൂണിറ്റ് യുപിഎസിന്റെ തൊട്ടുമുകളിലാണ് സ്ഥാപിച്ചത്. ഇതിൽ നിന്ന് വെളളം ചോർന്ന് യുപിഎസിലേക്ക് വീണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മെയ് 2 നൂം 5 നുമാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പിഎംഎസ്എവൈ കെട്ടിടത്തിന് തീപിടിച്ചത്.
മുൻപു നടത്തിയ പരിശോധനകളും ഈ പിഴവുകൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം ചൂണ്ടിക്കാട്ടുകയും അത് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.