കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

 

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂമുകളിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫിന്റെ ആരോപണങ്ങളിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അതിനാൽ ആർക്കെതിരെയും നടപടി ഉണ്ടാകില്ലെന്നും കമ്മീഷൻ അറിയിച്ചു.

പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം വരണാധികാരി സംശയാസ്പദമായ രീതിയിൽ തുറന്നുവെന്നായിരുന്നു യുഡിഎഫ് പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാൽ, വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്ററിലെ റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ ഭർത്താവായ അഡ്വ. ഷഹസാദിന്റെ സാന്നിധ്യത്തിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു.

എൻകോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സീൽ ചെയ്യാത്ത മുറി തുറന്നതെന്ന് റിട്ടേണിങ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.15-ന് തുറന്ന റൂം ഉച്ചയ്ക്ക് 1.45-ന് അടച്ചതായും ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.