കോഴിക്കോട്ട് നാലാം ക്ലാസുകാരനെ അധ്യാപകൻ പട്ടിക കൊണ്ട് അടിച്ചു
കോഴിക്കോട് വേവം എൽപി സ്‌കൂളിൽ നാലാം ക്ലാസുകാരനെ പട്ടിക കൊണ്ട് അടിച്ച സംഭവത്തിൽ അധ്യാപകനായ ജംഷീറിനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.ഈ മാസം 19നാണ് സംഭവം നടന്നതെന്നാണ് വിവരം. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കത്തിൽ ഇടപെട്ട അധ്യാപകൻ കുട്ടിയെ പട്ടിക ഉപയോഗിച്ച് അടിച്ചതായാണ് പരാതി.
വീട്ടിലെത്തിയ ശേഷം കുട്ടിയെ കുളിപ്പിക്കുന്നതിനിടയിലാണ് കാലിൽ അടിയേറ്റ പാടുകൾ കുടുംബം ശ്രദ്ധിച്ചത്. തുടർന്ന് ചോദിച്ചപ്പോഴാണ് അധ്യാപകൻ ശിക്ഷിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് കുടുംബം ചൈൽഡ് ലൈനിൽ പരാതി നൽകി. പിന്നാലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി വിശദാംശങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.