കോഴിക്കോട് കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; അഞ്ചുവയസ്സുകാരനായ മകനായി തിരച്ചിൽ തുടരുന്നു
കോഴിക്കോട് കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. പാലേരി തോട്ടത്താംകണ്ടി സ്വദേശി സുധീഷിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ചുവയസ്സുകാരനായ മകൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രമ്യക്കും ജീവൻ നഷ്ടമായത്. കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ പുഴയിൽ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. പുഴക്കരയിൽ തുണി അലക്കാനായി പോയതായിരുന്നു രമ്യയും കുഞ്ഞും. തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട് മകനെ രക്ഷിക്കാനായി രമ്യയും പുഴയിലേക്ക് എടുത്തുചാടി. എന്നാൽ മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അപകടവിവരമറിഞ്ഞ് ഉടൻ തന്നെ നാട്ടുകാരും പേരാമ്പ്രയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലിലാണ് രമ്യയുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയും അടിയൊഴുക്കും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.