കെ ഫോൺ ഇനി രാജ്യ വ്യാപകം, മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഇന്റർനെറ്റ് എത്തിക്കും

 

കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റർനെറ്റ് എത്തിക്കാം. ദേശീയതലത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഐഎസ്പി എ (ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കാറ്റഗറി എ) ലൈസൻസ് കെ ഫോൺ സ്വന്തമാക്കി. കേരളത്തിലുടനീളം സജ്ജീകരിച്ച നെറ്റ്വർക്ക് സംവിധാനത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നെറ്റ്വർക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റർനെറ്റ് സേവനദാതാക്കളുമായി സഹകരിച്ചും കെ ഫോണിന് ഇനി രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം നൽകാനാകും.

സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞനിരക്കിലും ഇന്റർനെറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് കെ ഫോൺ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിപുലമായ നെറ്റ്വർക്ക് സംവിധാനമാണ് ഒരുക്കിയത്.

മറ്റ് ഇന്റർനെറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്താൽ ഏറ്റവും വലിയ നെറ്റ്വർക്കാണ് കെ ഫോണിനുള്ളത്. 3,1153 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ഇതിനകം കെ ഫോൺ പൂർത്തിയാക്കിയിട്ടുണ്ട്. ഐഎസ്പി ലൈസൻസും ഐപി ഇൻഫ്രാസ്ട്രക്ചർ ലൈസൻസും എൻഎൽഡി (നാഷണൽ ലോങ് ഡിസ്റ്റൻസ്) ലൈസൻസും നേരത്തെ സ്വന്തമാക്കിയിരുന്നു. കെ ഫോൺ സംസ്ഥാനത്ത് ഇതിനകം 1,07,328 ഇന്റർനെറ്റ് കണക്ഷൻ നൽകി. 14,151 ബിപിഎൽ കുടുംബങ്ങളിലും 67,097 മറ്റു വീടുകളിലും 23,163 സർക്കാർ ഓഫീസുകളിലുമാണ് ഇന്റർനെറ്റ് എത്തിച്ചത്.