മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു
മുഖ്യമന്ത്രി വി. ഡി. സതീശനും കെ.എസ്.ഇ.ബി ജീവനക്കാരും ഒന്നിച്ചുള്ള വൈറൽ എ.ഐ ആക്ഷേപഹാസ്യ ഡാൻസ് വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തു. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം ചെയ്തത്. വീഡിയോ നിർമ്മിച്ച 'എ.ഐ കവല' എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇന്ത്യയിലുള്ളവർക്ക് ഇനി വീഡിയോ കാണാൻ സാധിക്കില്ലെങ്കിലും വിദേശരാജ്യങ്ങളിൽ ലഭ്യമാണ്. 'റീച്ച് യു' എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ചത്.
സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു എ.ഐ നിർമിത വീഡിയോ പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ വീഡിയോയോട് മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെ പ്രതികരിച്ചിരുന്നു. നടൻ മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയേക്കാളും നന്നായി താൻ ഡാൻസ് ചെയ്യുന്നുണ്ടെന്നായിരുന്നു സംഭവത്തിൽ അദ്ദേഹത്തിന്റെ തമാശരൂപേണയുള്ള പ്രതികരണം.
സംഗീതവും നൃത്തവുമെല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിവുണ്ടെന്നും ഇത്തരം പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നിയമത്തിൽ എങ്ങനെ വ്യാഖ്യാനിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ആളുകൾ എ.ഐ ഉപയോഗിച്ച് വിചിത്രമായ കാര്യങ്ങൾ ഉണ്ടാക്കുകയാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.