വാഴ വെട്ടൽ; കെഎസ്ഇബിയുടെ നഷ്ടപരിഹാരം എം.എൽ.എ. നേരിട്ടെത്തി കൈമാറി

 

വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ തോമസിന് നഷ്ടപരിഹാരം നൽകി. എം.എൽ.എ. ആന്റണി ജോൺ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം. കർഷകദിനത്തിൽ സാധാരണ കർഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകൻ അനീഷും വ്യക്തമാക്കി,

ശരി തെറ്റുകൾ ചർച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആന്റണി ജോൺ എം.എൽ.എ. വ്യക്തമാക്കി. അപകട സാധ്യതയുണ്ടെന്ന് കർഷകനെ മുൻകൂട്ടി അറിയിക്കുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അർഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിനു നൽകാനും അത് കെ.എസ്.ഇ.ബി. തന്നെ നൽകണമെന്നുമുള്ള നിർദ്ദേശം ഉയർന്നുവന്നത്, എം.എൽ.എ. പറഞ്ഞു.

കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്.