കെ-സ്മാർട്ടിനും ഡിജി കേരളത്തിനും പാലിയേറ്റീവ് കെയറിനും ദേശീയാംഗീകാരം; അഭിമാനമെന്ന് എം.ബി. രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ-സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ മൂന്ന് പ്രമുഖ പദ്ധതികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ വൻ അംഗീകാരം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച 2026-ലെ മികച്ച മാതൃകകളുടെ സംഗ്രഹത്തിലാണ് (Best Practices) കേരളത്തിന്റെ ഈ പദ്ധതികളെ രാജ്യത്തിന് തന്നെ മാതൃകയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വലിയ അംഗീകാരത്തിൽ അഭിമാനിക്കുന്നതായി തദ്ദേശവകുപ്പ് മുൻമന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജനസേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി വിരൽത്തുമ്പിൽ ലഭ്യമാക്കിയ കെ-സ്മാർട്ട് (K-SMART) പദ്ധതിയെ അത്യാധുനിക സാങ്കേതിക മുന്നേറ്റമായാണ് കേന്ദ്ര റിപ്പോർട്ടിൽ വിലയിരുത്തുന്നത്. സേവനങ്ങൾ സുതാര്യവും കടലാസുരഹിതവുമാക്കാൻ ഇതിലൂടെ സാധിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഡിജിറ്റൽ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായാണ് 'ഡിജി കേരളം' പദ്ധതിയെ കേന്ദ്രം അടയാളപ്പെടുത്തിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പാർശ്വവത്കരിക്കപ്പെട്ടവർക്കും രോഗികൾക്കും വീട്ടുപടിക്കൽ പരിചരണവും ആശ്വാസവും നൽകുന്ന കേരളത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും ദേശീയതലത്തിൽ വലിയ പ്രശംസയാണ് ലഭിച്ചത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മികച്ച പദ്ധതികൾ പഠനവിധേയമാക്കിയാണ് കേന്ദ്ര മന്ത്രാലയം ഈ റിപ്പോർട്ട് തയ്യാറാക്കിയത്.