കർണാടകയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 പേർക്ക് പരിക്ക്
Aug 8, 2026, 11:05 IST
കർണാടകയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കണ്ടക്ടർ കോവൂർ സ്വദേശി എൻ.എം. അരുൺകുമാർ, ഡ്രൈവർ കോഴിക്കോട് സ്വദേശി മിഥിലേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. യാത്രക്കാരായ 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 6.45-ഓടെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ ബിഡദിക്ക് സമീപമായിരുന്നു അപകടം. മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലെ സൈൻ ബോർഡിന്റെ കമാനത്തിൽ ശക്തമായി ഇടിച്ച ശേഷം മറിയുകയായിരുന്നു.
പരിക്കേറ്റവരെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.