ഓഡ്, ഈവൻ സപ്ലിമെന്ററി പരീക്ഷകൾ എല്ലാ ആറ് മാസത്തിലും; വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കാൻ സാങ്കേതിക സർവകലാശാല

 

വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കാൻ എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എ.ഐ.സി.ടി.ഇയുടെയും യു.ജി.സിയുടെയും ചട്ടപ്രകാരം ഓംബുഡ്‌സ്മാനെ നിയമിക്കുന്നത് നിർബന്ധമാണെങ്കിലും കേരളത്തിൽ ഇതാദ്യമായാണ് ഒരു സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.

എല്ലാ സെമസ്റ്റർ പരീക്ഷകളുടെയും റഗുലർ പരീക്ഷകളുടെ കൂടെ ഓഡ്, ഈവൻ സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ കൂടി നടത്താൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. നിലവിൽ ഓഡ്, ഈവൻ സെമെസ്റ്ററുകളിൽ റഗുലർ പരീക്ഷകളോടൊപ്പം അതേ സെമെസ്റ്ററുകളിലെ മാത്രം സപ്ലിമെന്ററി പരീക്ഷകളും നടത്തുക എന്നതായിരുന്നു സർവകലാശാല പിന്തുടരുന്ന രീതി. ഇതുമൂലം സപ്ലിമെന്ററി പരീക്ഷകൾ ഉള്ള വിദ്യാർത്ഥികൾക്ക് അടുത്ത അവസരത്തിനായി ഒരു വർഷം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. പുതിയ പരീക്ഷ രീതി വരുന്ന ജനുവരിയിൽ നടപ്പിലാക്കുന്നതോടെ സപ്ലിമെന്ററി പരീക്ഷകൾ ആറ് മാസത്തിനുള്ളിൽ എഴുതിയെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും.

മറ്റ് തീരുമാനങ്ങൾ

  • പരീക്ഷാ പരിഷ്കരണ നടപടികൾ മാത്രം ചർച്ച ചെയ്യുന്നതിനായി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും.
  • അടുത്ത അധ്യയനവർഷം മുതൽ സർവകലാശാലക്ക് കീഴിൽ എന്‍ജിനീയറിങ് സ്കൂളുകൾ തുടങ്ങാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.