കുടുംബശ്രീയുടെ ഓണം വിപണിയിൽ റെക്കോർഡ് വിറ്റുവരവ്; 44.89 കോടി രൂപ
ഓണം വിപണിയിൽ മികച്ച നേട്ടവുമായി കുടുംബശ്രീ. ഇത്തവണ സംസ്ഥാനതല ഓണം വിപണിയിൽ 44.89 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്. കഴിഞ്ഞ വർഷം 40.44 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ 4.45 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 20 മുതൽ 25 വരെയാണ് കുടുംബശ്രീയുടെ ഓണച്ചന്തകൾ സംഘടിപ്പിച്ചത്. ആലപ്പുഴയിൽ സംസ്ഥാനതല മേളയ്ക്കു പുറമെ 12 ജില്ലാതല മേളകളും 1,952 സിഡിഎസ് തല മേളകളും നടന്നു. മേളകളിൽ 43,613 സൂക്ഷ്മ സംരംഭ യൂണിറ്റുകളും 27,509 കർഷക സംഘങ്ങളും പങ്കെടുത്തു.
ആകെ വിറ്റുവരവിൽ 27.01 കോടി രൂപ ഓണം വിപണന മേളകളിലൂടെയാണ് ലഭിച്ചത്. ഓണസദ്യയിലൂടെ 2.64 കോടി രൂപയും അരിയും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടുന്ന ഓണക്കിറ്റ് വിൽപ്പനയിലൂടെ 5.17 കോടി രൂപയും ലഭിച്ചു. പൂക്കളും പച്ചക്കറികളും വിറ്റതിലൂടെ 10.07 കോടി രൂപയും വരുമാനമായി.
സംസ്ഥാനതല ഓണസദ്യ സേവനങ്ങളിലൂടെ 415 യൂണിറ്റുകൾക്ക് വരുമാനം ലഭിച്ചു. 929 സിഡിഎസുകൾ വഴിയാണ് ഓണക്കിറ്റ് വിൽപ്പന സംഘടിപ്പിച്ചത്. 9,169 സൂക്ഷ്മ സംരംഭ യൂണിറ്റുകൾക്ക് ഇതിലൂടെ വരുമാനം നേടാനുള്ള അവസരവും ലഭിച്ചു. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റഴിച്ചത്.
പൂക്കളുടെ വിൽപ്പനയിലും ഇത്തവണ വലിയ മുന്നേറ്റമുണ്ടായി. കഴിഞ്ഞ വർഷം 7.30 കോടി രൂപയായിരുന്ന വരുമാനം ഇത്തവണ 10.08 കോടി രൂപയായി ഉയർന്നു. അതായത് 2.78 കോടി രൂപയുടെ അധിക വരുമാനം. ഓണം സീസണിൽ കുടുംബശ്രീയുടെ 'പോക്കറ്റ്മാർട്ട്' ഇ-കൊമേഴ്സ് ആപ്ലിക്കേഷൻ വഴിയുള്ള ഉൽപന്ന വിൽപ്പനയും ശക്തമാക്കിയിരുന്നു.