കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം ; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്
കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്. കുണ്ടറ സ്വദേശി സിയാദിന്റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തിയതോടെയാണ് നടപടി.
ഒന്നര മാസം മുൻപ്, 13 വയസ്സുകാരനെ കാണാതായെന്ന പരാതിയെ തുടർന്ന് അയൽവാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ വിട്ടയക്കുകയും ചെയ്തു.
രണ്ട് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിയാദ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മർദനമേറ്റതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിൽ വച്ച് മർദിച്ചുവെന്ന് സിയാദ് പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
അതേസമയം, സിയാദിനെ കസ്റ്റഡിയിലിരിക്കെ മർദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് സൂചിപ്പിക്കുന്നത്.