ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം

 

ഭൂമി സംബന്ധമായ ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഭൂരേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് ഇനി നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ സ്വന്തം വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാം. കൂടാതെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാകുന്നതോടെ വായ്പാ നടപടികൾ കൂടുതൽ വേഗത്തിലാകും.

കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ബിഹാർ, തമിഴ്‌നാട്, കർണാടക തുടങ്ങി 19 സംസ്ഥാനങ്ങളിലാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്. രാജ്യത്തെ 97.27 ശതമാനം ഗ്രാമങ്ങളിലെയും ഭൂരേഖകൾ കമ്പ്യൂട്ടറൈസ്ഡ് ചെയ്തുകഴിഞ്ഞു. കാഡസ്ട്രൽ മാപ്പുകളുടെ ഡിജിറ്റലൈസേഷനും ഭൂരേഖകളുമായുള്ള അവയുടെ ബന്ധിപ്പിക്കലും ഏതാണ്ട് പൂർത്തിയായി വരികയാണ്. നഗരങ്ങളിലെ ഭൂമി പരിപാലനത്തിനായി ‘നക്ഷ’ (NAKSHA) എന്ന പദ്ധതി പ്രകാരം ആകാശ സർവേയും പുരോഗമിക്കുന്നു.

ഭൂമിയിലെ ഓരോ പ്ലോട്ടിനും തിരിച്ചറിയൽ നമ്പറായി 14 അക്കങ്ങളുള്ള യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (ULPIN) അഥവാ ‘ഭൂമിയുടെ ആധാർ’ നിലവിൽ വന്നു. ഇതുവരെ 29 സംസ്ഥാനങ്ങളിലായി 36 കോടി പ്ലോട്ടുകൾക്ക് ഈ ഐഡി അനുവദിച്ചിട്ടുണ്ട്. ഭൂരിഭാഗം സബ് രജിസ്ട്രാർ ഓഫീസുകളും റവന്യൂ ഓഫീസുകളുമായി ബന്ധിപ്പിച്ചതോടെ ആധാരം രജിസ്റ്റർ ചെയ്താലുടൻ തണ്ടപ്പേർ മാറ്റം (Mutation) ഉൾപ്പെടെയുള്ള നടപടികൾ സ്വയമേവ നടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്കായി 1,050 കോടി രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചു.